കാസര്‍ഗോഡ്: ലഹരി മാഫിയയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് ജാഗരന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡിന്റെ മണ്ണില്‍ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികളില്‍ തൂഫാന് സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാപ്പ ചുമത്തുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരേ കാഞ്ഞങ്ങാട് കഴിഞ്ഞവര്‍ഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങള്‍ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയ്ക്കെതിരേ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്, ഓപ്പറേഷന് തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.
കാസര്‍ഗോഡ് മൈലാട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുറമേ ക്ലീന്‍ കമ്പനി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ ലഹരി മിഠായികള്‍ ആയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനിരുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ്ചെയ്യാനും സാധിച്ചു. അതില്‍ നാലു പേര് ഇപ്പോഴും ജയിലിലാണ്.
ഓപ്പറേഷന് തൂഫാനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാര്‍ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഫോണ്‍ സന്ദേശങ്ങളിലൂടെയും ഇത് മനസിലാക്കാന്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു.
ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങള്‍ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടില്‍ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവര്‍ക്ക് നല്കി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാര് ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇതു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചെര്‍ക്കള മാര്‍ത്തോമാ സ്കൂളിലെ ഫാ. ജോര്‍ജ് വര്‍ഗീസ് വിനു, മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ മജീദ് ബാഖവി, സാഹിത്യകാരന് അംബികാസുതന്‍ മാങ്ങാട്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഉജംപദവ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് എന്നിവര്‍ ആഭ്യന്തരമന്ത്രിയില്‍ നിന്നു തൂഫാന് ബാഡ്ജ് ഏറ്റുവാങ്ങി.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, ഗോവിന്ദന് പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജാക്കോട്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി ആര്. സന്തോഷ്കുമാര്‍ എന്നിവർ പ്രസംഗിച്ചു.